തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം വട്ടവും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തിരുവനന്തപുരത്തിന്റെ ജൈത്രയാത്ര. ഒളിമ്പിക് മാതൃകയില്‍ നടത്തുന്ന കായികമേളയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ആതിഥേയർ ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ട് സ്വര്‍ണക്കപ്പിന് അവകാശികളയാത്.
203 സ്വര്‍ണവും 147 വെള്ളിയും 171 വെങ്കലവുമുമായി 1825 പോയിന്റോടെയാണ് തിരുവനന്തപുരത്തിന്റെ കുതിപ്പ്. 91 സ്വര്‍ണവും 56 വെള്ളിയും 109 വെങ്കലവുമായി 892 പോയിന്റ് നേടിയ തൃശൂര്‍ രണ്ടാമതെത്തിയപ്പോള്‍ 82 സ്വര്‍ണവും 77 വെള്ളിയും 87 വെങ്കലവുമായി 859 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനം നേടി.
അത്ലറ്റിക്സില് മലപ്പുറം
പാലക്കാടന്‍ കുതിപ്പോടെയായിരുന്നു സ്കൂള്‍ കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിച്ചത്. രണ്ടു ദിനം പിന്നിട്ടപ്പോള്‍ മലപ്പുറവും ശക്തമായ പോരാട്ടത്തിലേക്ക്. അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ ഇഞ്ചോടിഞ്ച് എന്ന നിലയിൽ.
അവസാന ദിവസം 18 ഫൈനലുകള്‍ ബാക്കിയുള്ളപ്പോള്‍ ഇരു ജില്ലകളും തമ്മിലുള്ള പോയിന്റു വ്യത്യാസം 23 മാത്രം. ഇന്നലെ നടന്ന ആദ്യ മൂന്നു ഫൈനലുകളിലും സുവര്‍ണപതക്കം പാലക്കാടിന്. 400 മീറ്റർ സീനിയര്‍, ജൂണിയര്‍ ആണ്‍കുട്ടികളിലും ജൂണിയര്‍ പെണ്‍കുട്ടികളിലും പാലക്കാട് സ്വർണം സ്വന്തമാക്കിയതോടെ ഇരു ജില്ലകളും തമ്മിലുള്ള പോയിന്റു വ്യത്യാസം വീണ്ടും കുറഞ്ഞു.
അത്ലറ്റിക് ചാമ്പ്യന്‍ പട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം, മീറ്റിലെ അവസാന ഇനമായ 4x100 മീറ്റര്‍ റിലേയില്‍ മലപ്പുറത്തിന്റെ കുതിപ്പ്. മൂന്നു സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം സ്വന്തമാക്കിയത്. ഇതോടെ ചാമ്പ്യന്‍പട്ടവും മലപ്പുറത്തിന്.
ഇനി കാണാം കണ്ണൂരില്‍
അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികമേള കണ്ണൂരില്‍ നടക്കും. ആതിഥേയത്വം വഹിക്കുന്ന ജില്ലയായ കണ്ണൂരിനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി കായിക മേളയുടെ പതാക മന്ത്രി ശിവന്‍കുട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി.